District News
ഫോർട്ടുകൊച്ചി: ചെല്ലാനത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയും അടിച്ചു തകർക്കുകയും ചെയ്തയാളെ പോലീസ് പിടികൂടി. ചെല്ലാനം സ്വദേശി ഓലേടത്ത് ശരത്തി(26)നെയാണ് പോലീസ് പിടികൂടിയത്. ചെല്ലാനം ഗൊണ്ടുപറമ്പ് മുതൽ കമ്പനിപ്പടി പനക്കേൽ പാലം വരെയുള്ള റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് ഇയാൾ നശിപ്പിച്ചത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രണ്ട് ഓട്ടോറിക്ഷയും ഒരു കാറും പൂർണമായി തീയിട്ട് നശിപ്പിച്ചു. ഒരു ഓട്ടോ ടാക്സി ഭാഗികമായി കത്തിനശിച്ചു. മറ്റൊരു കാറിന്റെ ചില്ല് പൂർണമായി അടിച്ചുതകർത്തു. രണ്ട് സ്കൂട്ടറുകൾ തള്ളി വെള്ളത്തിലിട്ടു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തിയ ശേഷം വീട്ടില്‍ പോയി ഉറങ്ങിയ പ്രതി രാവിലെ ചെല്ലാനം ഹാർബറിൽ നിന്ന് വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയിരുന്നു. തുടർന്ന് തിരികെയെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹന ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശരത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
District News
കൊച്ചി: സ്കൂള്‍, കോളജ് ബസുകളുടെ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് മിന്നല്‍ പരിശോധനയുമായി ഓപ്പറേഷന് തൂഫാന്. മദ്യപിച്ച് വാഹനം ഓടിച്ച 29 പേര്‍ക്കെതിരെ കേസെടുത്തു.
എറണാകുളം റേഞ്ച് ഡിഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം റേഞ്ച് തലത്തില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.
1,231 വിദ്യാഭ്യാസസ്ഥാപനങ്ങളിലെ 3,333 ഡ്രൈവര്‍മാരെയാണ് തൂഫാന്റെ ഭാഗമായി പരിശോധിച്ചത്. നാലു ജില്ലകളിലായി 29 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികള്‍ ആരംഭിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്ക് പോലീസ് നിര്‍ദേശം നല്കി.
സ്കൂള്‍ മാനേജ്മെന്റുകളും വാഹന ഉടമകളും ഡ്രൈവര്‍മാരുടെ യോഗ്യത, ശാരീരികക്ഷമത, നിയമാനുസൃത രേഖകള്‍ എന്നിവ കര്‍ശനമായി ഉറപ്പാക്കണമെന്നും വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പോലീസ് നിര്‍ദേശിച്ചു.
District News
മുളന്തുരുത്തി: താൽക്കാലിക ജോലിയുടെ കാലാവധി അവസാനിച്ചിട്ടും ജല അഥോറിറ്റി ഓഫീസിൽ അനധികൃതമായി തുടർന്ന താൽക്കാലിക ജീവനക്കാരി ഓഫീസ് ഭരണം നടത്തിയിരുന്നതായി വിജിലൻസ് കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്ന് മുളന്തുരുത്തി ജല അഥോറിറ്റി ഓഫീസിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കരാർ അവസാനിച്ച് മാസങ്ങൾ കഴിഞ്ഞ ജീവനക്കാരി അനധികൃതമായി ജോലിയിൽ തുടർന്നത് കണ്ടെത്തിയത്. മാസങ്ങളോളം അസി. എൻജിനീയർ ഇല്ലാതിരുന്ന ഓഫീസിന്റെ ഭരണച്ചുമതല വഹിച്ചത് ഇവരായിരുന്നു. കരാറുകാർക്ക് വേണ്ടി ഇവർ തിരിമറികൾ നടത്തിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതായിപറയുന്നു.
ജലജീവൻ പദ്ധതിയുടെ പ്രോജക്ട് ജോലിയുടെ ഭാഗമായി 179 ദിവസത്തെ കരാർ ജോലിയ്ക്കെത്തിയ കോട്ടയം സ്വദേശിനിയാണ് അനധികൃതമായി ജോലിയിൽ തുടർന്നത്. ഡിസംബറിൽ കാലാവധി അവസാനിച്ച ഇവർ അസി.എൻജിനീയർ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരുടെ അറിവോടെ ഒരു മാസം കൂടി ജോലിയിൽ തുടർന്നതായും ജനുവരി വരെ ഇവർക്ക് ഔദ്യോഗികമായി വേതനം നൽകിയതായും പറയുന്നുണ്ടെങ്കിലും തുടർന്നുള്ള മാസങ്ങളിൽ ഇവർ ജോലി ചെയ്തത് എങ്ങനെയെന്നതിൽ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല.
ഔദ്യോഗികമായി ജീവനക്കാരിയല്ലാത്തയാൾ ഓഫീസിലെ വെബ്സൈറ്റ് ഉപയോഗിക്കുന്നതായും ബില്ലുകൾ കൈകാര്യം ചെയ്യുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കരാറുകാരുടെ ഇടനിലക്കാരിയായാണ് ഇവർ ഓഫീസിൽ പ്രവർത്തിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
സംഭവം ജലവിഭവ വകുപ്പിൽ വിജിലൻസ് റിപ്പോർട്ട് ചെയ്തതോടെ വകുപ്പുതലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പറവൂർ: മുസിരീസ് ബോട്ട് ജെട്ടിയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ബോട്ടുകൾ നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പറവൂർ മുസിരീസ് ബോട്ട് ജെട്ടിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ബോട്ടുകളിൽ മൂന്ന് ബോട്ടുകൾ ലേലം ചെയ്ത് നീക്കി.
മാരിടൈം ബോർഡിന്റെ പരിശോധനയിൽ ഓടിക്കാൻ കഴിയില്ലെന്ന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് ബോട്ടുകളും ലേലം ചെയ്തത്. ബോട്ട് ജെട്ടിയിൽ ശേഷിക്കുന്ന രണ്ട് ബോട്ടുകളും കൊടുങ്ങല്ലൂർ മുസിരീസിലുള്ള മൂന്ന് ബോട്ടുകളും ഉൾപ്പെടെ ആകെ അഞ്ച് ബോട്ടുകൾ മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി റിപ്പയർ ചെയ്യുന്നതിന് കൈമാറി. ഇത് നൂറു ദിന പരിപടിയിൽ ഉദ്ഘാടനം ചെയ്യും.
District News
കൊച്ചി: കുടുംബം നന്നായാല്‍ ലോകം സുന്ദരമാവുമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍. വരാപ്പുഴ അതിരൂപത കുടുംബ ശുശ്രൂഷ കോഓര്‍ഡിനേറ്റര്‍സ് സംഗമം മിസിയോ ഫമീലിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാമിലി കമ്മീഷന് ഡയറക്ടര്‍ ഫാ. അലക്സ് കുരിശുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോഷി മയ്യാറ്റില്‍ സെമിനാര്‍ നയിച്ചു. സിസ്റ്റര്‍ ജയിന്, ആനിമേറ്റര്‍ സിമി ആന്‍സണ്‍, നിക്സണ് വേണാട്ട് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊച്ചി: കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ചാത്യാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് വി. ജി. സെബാസ്റ്റ്യൻ വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. പോൾസൺ കൊറ്റിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് ഡിക്സൻ റോഡ്രിഗ്സ്, ഭാരവാഹികളായ ജോൺ ബോസ്കോ, സിസ്റ്റർ ഒസ്ബർഗ, ലാലി പാട്രിക്ക്, ജൂലിയൻ ലോപ്പാസ് എന്നിവർ പ്രസംഗിച്ചു. ഷെർളി റോബൈറോ ബോധവത്കരണ ക്ലാസ് നയിച്ചു.
District News
കൊച്ചി: ദീപിക ദിനപത്രം സമഗ്രമായി വായിച്ചു മികച്ച വായനാ കുറിപ്പ് തയാറാക്കുന്ന വിദ്യാർഥികൾക്കു കാഷ് പ്രൈസുമായി എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ. സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിലാണു സമ്മാനപദ്ധതി പ്രഖ്യാപിച്ചത്.
ഇന്നലെ മുതൽ രണ്ടാഴ്ചയിലെ ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും അനുബന്ധ വിശേഷങ്ങളും വായിച്ചശേഷം, അതിനെക്കുറിച്ചാണു വിദ്യാർഥികൾ കുറിപ്പുകൾ തയാറാക്കേണ്ടത്. സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിലെ മികച്ച അഞ്ചു കുറിപ്പുകൾക്ക് 500 രൂപ വീതം കാഷ് പ്രൈസ് നൽകും.
കോർപറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ ദീപിക ദിനപത്രം സ്കൂൾ ലീഡർ ക്രിസ് ആന്റണിയ്ക്കു നൽകി ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ചെയ്തു. ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൽസി ജോൺ, അധ്യാപകൻ ഫാ. മെൽവിൻ ചിറ്റിനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂൾ
മലയാറ്റൂർ: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കാലടി മാണിക്കമംഗലത്ത് പ്രവർത്തിക്കുന്ന സായി ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ നായർ ദീപിക പത്രം സ്കൂൾ വിദ്യാർഥികൾക്ക് നൽകി നിർവഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക എം.പി. ലിസി, അനു മേരി ചാക്കോ, ജിനു ഡേവിസ്, ദീപിക ഏരിയ മാനേജർ നിബിൻ അലോഷ്യസ് എന്നിവർ പങ്കെടുത്തു. കാലടി മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രം ആണ് സ്കൂളിൽ ദീപിക പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂൾ
പെരുമ്പാവൂർ: ദീപിക നമ്മുടെ ഭാഷ പദ്ധതി കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ ആരംഭിച്ചു. നെടുംകണ്ടത്തിൽ മേരി പോൾ ആൻഡ് എൻ.പി. പോൾ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പെരുമ്പാവൂർ ലയൺസ് ക്ലബ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ജോമി പോൾ നെടുംകണ്ടത്തിൽ ദീപിക പത്രം സ്കൂൾ വിദ്യാർഥികൾക്ക് നൽകി നിർവഹിച്ചു.
ലയൺസ് ക്ലബ് സെക്രട്ടറി സാജു തോമസ്, ട്രഷറർ എം.ഐ.വർഗീസ്, ലയൺസ് ക്ലബ് അംഗങ്ങളായ എൻ.പി. മനോജ്, ടി.വി. ബേബി, പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് നമ്പ്യാട്ടുകുടി, സ്കൂൾ മാനേജർ സിസ്റ്റർ മരിയ ജോൺ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി പോൾ, അധ്യാപകരായ സി.പി. സാലി, എം.സി. നീനു, ഏരിയ മാനേജർ നിബിൻ അലോഷ്യസ്, ദീപിക പെരുമ്പാവൂർ റിപ്പോർട്ടർ ഷിജു തോപ്പിലാൻ എന്നിവർ പ്രസംഗിച്ചു.
District News
ആലുവ: ഗതാഗതക്കുരുക്ക് അതിരൂക്ഷമായ ആലുവ ദേശീയ പാതയിലെ പറവൂർ കവല ചെളിക്കുളമായി. രണ്ട് വർഷമായി പറവൂർ കവലയിലെ ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കാൻ കേരള റോഡ്സ് സേഫ്റ്റി ഫണ്ടിൽ നിന്ന് 48.60 ലക്ഷം രൂപ അനുവദിച്ചിട്ടും അത് പൂർത്തിയാക്കാൻ പൊതുമരാമത്തിന് സാധിച്ചിട്ടില്ല.
ദേശീയ പാതയിൽ നിന്ന് പറവൂരിലേക്ക് തിരിയാൻ വിശാലമായ സർവീസ് റോഡ് ഉണ്ടെങ്കിലും അത് ടാർ ചെയ്യാൻ ദേശീയപാത അഥോറിറ്റി തയാറല്ല. അഞ്ച് വരിയിലായി ഒരേ ദിശയിലേക്ക് കണ്ടെയ്നർ ലോറികളടക്കം വരുന്നതിനാൽ നിരവധി ഇരുചക്ര യാത്രക്കാർക്ക് ഇവിടെ ജീവൻ നഷ്ടമായിട്ടുണ്ട്. അപകടമേഖലയായിട്ടും ദേശീയ പാത അഥോറിറ്റിയും ഗതാഗത വകുപ്പും നിസംഗരാണ്. മഴ തുടങ്ങമ്പോൾ ഈ മേഖല കുണ്ടും കുഴിയും കൊണ്ട് നിറയും. വാഹനങ്ങൾ കുഴിയിൽ വീണ് തകരാറിലാകുന്നതും പതിവാണ്.
2024ൽ അന്നത്തെ ഗതാഗത മന്ത്രി ഗണേശ് കുമാർ സ്ഥലം സന്ദർശിച്ചിരുന്നു .മാർത്താണ്ഡ വർമ്മ പാലത്തിലെ ഗതാഗതക്കുരുക്ക് മറികടന്ന് അങ്കമാലി, പറവൂർ മേഖലയിലേക്ക് പോകുന്ന വാഹനങ്ങളാണ് പറവൂർ കവല ട്രാഫിക് സിഗ്നലിൽ കുടുങ്ങിക്കിടക്കുന്നത്. റോഡിലെ കുഴികൾ കാരണം വാഹനങ്ങൾ പതിയെ മുന്നോട്ട് നീങ്ങുമ്പോഴേക്കും സിഗ്നൽ സമയം കഴിഞ്ഞിട്ടുണ്ടാകും.
തോട്ടക്കാട്ടുകരയിൽ നിന്ന് പറവൂർകവല വരെയുളള സർവീസ് റോഡ് സജ്ജമാക്കിയാൽ വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് ആയി പറവൂരിലേക്ക് ട്രാഫിക് ലൈറ്റിന് കാത്തുനിൽക്കാതെ കടന്ന് പോകാനാകും.
District News
വൈപ്പിന്‍: ഞാറയ്ക്കല്‍, മുനമ്പം പോലീസ് സ്റ്റേഷനുകളില്‍ കേസില്‍ പെട്ടതും അല്ലാത്തതുമായി കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ കളമശേരി എആര്‍ ക്യാമ്പിലേക്ക് മാറ്റുന്നു. രണ്ടിടത്തും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ വാഹനങ്ങളും ഓഗസ്റ്റ് 15ന് മുമ്പായി നീക്കം ചെയ്യണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസുകള്‍ തീരുന്ന വാഹനങ്ങള്‍ ഓഗസ്റ്റ് 15 നു ശേഷം വിട്ടു കിട്ടണമെങ്കില്‍ സ്റ്റേഷനില്‍ എത്തി വിടുതല്‍ രേഖകള്‍ വാങ്ങി കളമശേരി എആര്‍ ക്യാമ്പില്‍ ഹാജരാക്കി അവിടെനിന്നും വാഹനങ്ങള്‍ കൈപ്പറ്റേണ്ടിവരും.
കേസുകളില്‍ പെടാത്തതും ഉടമസ്ഥന് ഇല്ലാതെ ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ മാത്രമാണ് നേരത്തെ പോലീസ് എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നത്. മറ്റു വാഹനങ്ങള്‍ കേസുകള്‍ തീരുന്ന മുറയ്ക്ക് ആളുകള്‍ക്ക് വിട്ടുകൊടുക്കുകയോ കൈപ്പറ്റാത്തവ ലേലം ചെയ്തു വില്ക്കുകയോ ആയിരുന്നു പതിവ്.
District News
ആലുവ: ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് പുഴുവരിച്ച ബിരിയാണി അടക്കം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ആലുവ ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണി മഹല്‍, നൂര്ജഹാന്, കമ്മത്ത് ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തത്.
തലേദിവസത്തെ ബിരിയാണി, പഴകിയ പാല്, ഗുണനിലവാരമില്ലാത്ത പാചക എണ്ണ, പഴക്കമുള്ള ബീഫ് കറി, ചിക്കന്‍ എന്നിവ ആരോഗ്യവിഭാഗം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. രാവിലെയായിരുന്നു ആലുവ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ അപ്രതീക്ഷിത പരിശോധന. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
District News
അങ്കമാലി: മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡ് വീതികൂട്ടി ബിഎംസി നിലവാരത്തിലേക്ക് മാറ്റുന്നതിന് പൊളിച്ചിട്ട ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വർഷങ്ങൾ പിന്നിട്ടിട്ടും അതേ അവസ്ഥയിൽ തുടരുന്നു. വൻതുക മുടക്കിയും ശ്രമദാനമായും നാട്ടുകാർ പണിത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് മൂന്ന് വർഷം മുൻപ് റോഡ് ബിഎംസി നിലവാരമാക്കാൻ വേണ്ടി ഇങ്ങനെ പൊളിച്ചത്. \
റോഡരികിൽ നിന്നും ആവശ്യമായ സ്ഥലം വിട്ട് പണിതിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഭൂരിഭാഗവും. ഇവ പൊളിച്ചു മാറ്റാതെ തന്നെ റോഡിന്റെ വീതിക്കൂട്ടൽ നടക്കുമെന്നിരിക്കെയാണ് ഈ പൊളിച്ചുമാറ്റൽ നടന്നിട്ടുള്ളത്.കോക്കുന്ന് സെഹിയോൻ ജംഗ്ഷൻ, ഇരട്ടക്കിണർ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കേന്ദ്രങ്ങൾ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
District News
പോത്താനിക്കാട് : ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗം 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന് കണിയംപ്ലായ്ക്കല് എന്നിവരെയാണ് കോതമംഗലം രൂപത മുന്‍ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് ആദരിച്ചത്.
താലൂക്ക് സമിതി പ്രസിഡന്റ്ജോയി ചെറുകാട്ട് അധ്യക്ഷനായിരുന്നു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് വിഷയാവതരണം നടത്തി. ജോയി തെങ്ങുംകുടിയില്‍, സണ്ണി അരഞ്ഞാണിയില്‍, ജോഷി കാഞ്ഞിരക്കുഴയ്ക്കല്, ജോണി കൊച്ചുമുട്ടം, ബിജു ചെറുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ : പക്ഷാഘാതത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി അജയന് (52) ഒടുവില്‍ ജന്മനാടിന്റെ കൈത്താങ്ങ്. അജയന്റെ ദുരവസ്ഥയറിഞ്ഞ് ജനപ്രതിനിധികളും ബന്ധുക്കളും മൂവാറ്റുപുഴയിലെത്തി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
മലപ്പുറം കടകശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹക്കീം, വാര്‍ഡംഗം മുസ്തഫ, ബ്ലോക്കംഗം വിമല്‍, അജയന്റെ ബന്ധുക്കള്‍ എന്നിവരാണ് ഇന്നലെ ആശുപത്രിയിൽ അജയനെ സന്ദര്‍ശിച്ചത്. അജയനെ നാട്ടിലേക്ക് കൊണ്ടുപോകാനും ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമുള്ള തീരുമാനത്തിലാണ് ജന്മനാട്.അജയന്റെ തുടര്‍ചികിത്സയും പുനരധിവാസവും കാര്യക്ഷമമായി നടത്തുന്നതിനായി മലപ്പുറത്ത് ജനകീയ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയില്‍ ജീവനക്കാരനായിരുന്ന അജയനെ പക്ഷാഘാതത്തെതുടര്‍ന്ന് സുഹൃത്താണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാഴ്ച മുമ്പ് എത്തിച്ചത്. അന്നുതന്നെ സുഹൃത്ത് ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. എന്നാല്‍ കൂടെ ആരും ഇല്ലാത്ത ബുദ്ധിമുട്ടുകളൊന്നും ആശുപത്രി അധികൃതര്‍ വരുത്തിയിരുന്നില്ലെന്ന് അജയന് പറയുന്നു.
ഡോ. ഷാജഹാന്റെ നേതൃത്വത്തില്‍ കൃത്യമായ പരിചരണം നല്‍കിയിരുന്നതായും അജയന് പറഞ്ഞു.അജയന്റെ അവസ്ഥയറിഞ്ഞ് ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ഏജന്‍സി ഉടമയും ആശുപത്രിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജന്മനാട് തന്നെ അജയന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ അജയനെ ആംബുലന്‍സില്‍ മലപ്പുറത്തേയ്ക്ക് കൊണ്ടുപോയി.
District News
മൂവാറ്റുപുഴ: മേഖലയില്‍ ഓപ്പറേഷന് തൂഫാന് ഊര്‍ജിതമാക്കുന്നതിനും മോഷണം തടയുന്നതിനും സാമൂഹിക സുരക്ഷ, പൊതുജന ബോധവത്കരണം എന്നിവ ലക്ഷ്യം വച്ചും ജനകീയ പങ്കാളിത്തത്തോടെയുള്ള പോലീസ് പട്രോളിംഗ് ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രി നെഹ്റു പാര്‍ക്കില്‍ നിന്നാരംഭിച്ച പട്രോളിംഗില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി പി.അബ്ദുല്‍ മുനീര്‍, ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ കല്ലൂര്‍, കമ്മിറ്റിയംഗങ്ങളായ എം.ഡി. മനോജ്, പി.എം.ടി. ഫൈസല്‍ എന്നിവരും പങ്കെടുത്തു.
തുടര്‍ന്ന് പേഴയ്ക്കാപ്പിള്ളി ഭാഗത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് പി.എ. കബീര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ പേഴയ്ക്കാപ്പിള്ളി മേഖലയിലും വിവിധ ഗ്രൂപ്പുകളായി പട്രോളിംംഗ് നടത്തി. മാത്യു കുഴല്നാടന് എംഎല്‍എയുടെ അധ്യക്ഷതയില്‍ വൈഎംസിഎ ഹാളില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള പോലീസ് പട്രോളിംഗിന് തുടക്കം കുറിച്ചത്.
District News
കൂത്താട്ടുകുളം: ഒലിയപ്പുറം - നടക്കാവ് ഹൈവേയിൽ കാക്കൂർ അമ്പലപ്പടിയിൽ വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും പണികൾ ആരംഭിച്ചു. കാക്കൂർ ഗ്രാമീണവായനശാലയോട് ചേർന്നുള്ള കലുങ്ക് വളരെ നാളുകളായി വൃക്ഷവേരുകളും വാട്ടർ അഥോറിറ്റിയുടെ പഴയ പൈപ്പുകളും കേബിളുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഒഴുകാത്ത അവസ്ഥയിലാണ്. പല പ്രാവശ്യം പൊതുജന പങ്കാളിത്തത്തോടെ തടസം നീക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആയതിന് ഫലം കണ്ടിട്ടില്ല.
കലുങ്കിനോട് ചേർന്നുള്ള റോഡുഭാഗവും വളരെ വീതി കുറഞ്ഞ നിലയിലാണ്. ഈ പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാണ്. ഒരു അതിഥി തൊഴിലാളി അപകടത്തിൽ മരണപ്പെട്ടത് സമീപകാലത്താണ്. കഴിഞ്ഞ ദിവസവും കലുങ്കിൽ ഇടിച്ച് ഒരു ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഒരു ചെറിയ മഴ പെയ്താൽ പോലും റോഡ് വെള്ളം മൂടി കാനകൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജലവിതരണ കുഴലുകളിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് മഴയില്ലാത്തപ്പോഴും വെള്ളം നിറഞ്ഞ അവസ്ഥയാണിപ്പോൾ. വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്കിന ടിയിലെ മണ്ണും വേരുകളും നീക്കുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വാർഡ് മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, ഏബിൾ ഏബ്രഹാം, എം.സി.അജി എന്നിവർ മന്ത്രി അനൂപ് ജേക്കബിന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ടി.വിനീതിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അപകട മുന്നറിയിപ്പ് അടയാളം സ്ഥാപിച്ചു.
District News
കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായന പക്ഷാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു.
ലൈബ്രറി പ്രസിഡന്റ് കെ.വി. പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. സിദ്ദിക്ക്, പഞ്ചായത്ത് അംഗങ്ങളായ സുനി അയ്യപ്പന്, കെ.എ. അനില്‍കുമാര്‍, ഹക്കീം ഖാന്, ലൈബ്രറി കൗണ്‍സില്‍ അംഗം പി.എം. അബ്ദുല്‍ സലാം, ഊന്നുകല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ്, ലൈബ്രറി വൈസ് പ്രസിഡന്റ് എ.ടി. പൗലോസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ ബേബി വര്‍ഗീസ്, എ.കെ. ശങ്കരന്, ലൈജു ചെറിയാന്, റിഥിക റോബി എന്നിവര്‍ പ്രസംഗിച്ചു.
District News
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രി ഘട്ടം ഘട്ടമായി ജില്ലാ ആശുപത്രി നിലവാരത്തിലേയ്ക്കെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന് പറഞ്ഞു.താലൂക്കാശുപത്രി വികസനവുമായി ബന്ധപ്പെട്ട് ആശുപത്രി വികസന സമിതി അംഗങ്ങളുടെയും എംപി, എംഎല്‍എ, നഗരസഭ ചെയര്മാന് എന്നിവര്‍ ഉള്‍പ്പടെയുളള ജനപ്രതിനിധികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി. താലൂക്കാശുപത്രിയിക്ക് പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കരാറുകാരോട് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി. നിര്‍മാണ പ്രവൃത്തിയ്ക്ക് കാലതാമസം വരുത്തിയാല്‍ കരാറില്‍ നിന്ന് ഇവരെ ഒഴിവാക്കും.
കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കായി മോര്‍ച്ചറി കെട്ടിടം പൊളിച്ചു നീക്കിയതിനാല്‍ ഇപ്പോള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യന്‍ കഴിയുന്നില്ല. പ്രശ്നം പരിഹരിക്കന്‍ ആശുപത്രിയ്ക്ക് സമീപം റവന്യു വകുപ്പിന് കയ്യിലുളള 10 സെന്റ് സ്ഥലം മോര്‍ച്ചറി നിര്‍മ്മിക്കാനായി വിട്ടു നല്‍കും. ഇക്കാര്യം ജില്ലാ കളക്ടറുമായി സംസാരിക്കാന്‍ കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ, കൊയിലാണ്ടി നഗരസഭ ചെയര്മാന് യു.കെ.ചന്ദ്രന് ,ആശുപത്രി സൂപ്രണ്ട് എന്നിവരെ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ആശുപത്രികളില്‍ പോരായാമകള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
സ്വകാര്യ ആശുപത്രികള്‍ക്കൊപ്പം ഓടിയെത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിലവിലുളള സിസ്റ്റത്തിലെ തകരാര്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.പി, നഗരസഭ ചെയര്മാന് യു.കെ.ചന്ദ്രന്, വൈസ് ചെയര്മാന് സി.ടി.ബിന്ദു, ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് എ.പി.സുധീഷ്, പയ്യോളി നഗരസഭ ചെയര്മാന് എന്‍.സാഹിറ, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ വി.എം.ജസ് ലു ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.
District News
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഉള്ള്യേരി സ്വദേശിയായ ഒമ്പതുവയസുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. കുന്നത്തറ എഴുകുളത്തില്‍ സനല്‍രാജിന്റെ മകനാണ് ഇടതുകൈ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. കുപ്പിച്ചില്ലുകൊണ്ട് കൈമുറിഞ്ഞതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടുകയും ഇവിടെ നിന്ന് വിരല്‍ തുന്നിച്ചേര്‍ത്ത് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം വിരലിന് ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി.
2026 ഫെബ്രുവരി 15നാണ് കുട്ടിയ്ക്ക് കുപ്പിച്ചില്ലുകൊണ്ട് കൈമുറിഞ്ഞത്. അന്ന് വൈകുന്നേരം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.രണ്ട് തുന്നിട്ടിരുന്നു.കൈ ഇളക്കാതെ വയ്ക്കാനും വിശ്രമിക്കാനും നിര്‍ദേശിച്ചു.
ഒരുമാസത്തോളം കഴിഞ്ഞപ്പോഴാണ് വിരലിന് ചലനശേഷിയില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. പ്ലാസ്റ്റിക് സര്‍ജനെ കാണിക്കാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ പത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയപ്പോഴാണ് ചലന ശേഷി നഷ്ടപ്പെട്ടത് അറിഞ്ഞത്. ശരിയാക്കാനായി സര്‍ജറി ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ഇതിനകം ഹൃദയത്തിന് ഒരു ഓപറേഷന് കഴിഞ്ഞ കുട്ടിയായത് കാരണം സര്‍ജറിയ്ക്ക് ആവശ്യമായ ഫിറ്റ്നസസ് വേണമെന്ന് നിര്‍ദേശിച്ചിരുന്നു. അതെതുടർന്ന് പിന്നെയും കാലതാമസമുണ്ടായി. ജൂണ്‍ 11നാണ് സര്‍ജറി നടന്നത്.
മുപ്പത്തിയെട്ട് തുന്നലുള്ള വലിയ സര്‍ജറിക്കാണ് വിധേയനായത്. മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയശേഷം ഫിസിയോ തെറാപ്പിക്ക് വിധേയനാകണം. എന്നാലും ചലനശേഷി പൂര്‍ണമായി തിരികെ ലഭിക്കുമോയെന്ന് ഉറപ്പു പറയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും സനല്‍രാജ് പറയുന്നു.ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എംഎല്‍എമാര്‍ എന്നിവര്‍ക്കയച്ച പരാതിയില്‍ പറയുന്നു.
ു
District News
മുക്കം: മദ്യപിച്ച് ലക്ക്കെട്ട ഡ്രൈവർ ഓടിച്ച ലോറി അമിത വേഗതയിൽ പാഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.മുക്കം നഗരത്തിലൂടെ അപകടരമായ രീതിയിൽ കടന്നുപോയ ലോറി നിരവധി വാഹനങ്ങളിളിലാണ് ഇടിച്ചത്.ഇതുവഴിവന്ന വാഹനങ്ങൾ വെട്ടിച്ചുമാറ്റിയതു കൊണ്ടാണ് വലിയ ദുരന്തമൊഴിവായത്. കാരശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിടിച്ച് തകർത്താണ് ലോറി നിന്നത്.
ഓടിക്കൂടിയ നാട്ടുകാർ എത്തുമ്പോഴേക്കും ലോറി ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ട് പൂർണമായും ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. തമിഴ്നാട് നാമക്കൽ സ്വദേശി രാജുവാണ് അപകടകരമായ രീതിയിൽ ലോറി ഓടിച്ചിരുന്നത്.ഇയാളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ഡ്രൈവറെ തടഞ്ഞുവെക്കുകയായിരുന്നു. സ്ഥലത്തെത്തിയ മുക്കം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
വൈകുന്നേരം 4.45 ഓടെയാണ് സംഭവം.ഏറെ തിരക്കുള്ള എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലൂടെ അപകടകരമാംവിധത്തിൽ പാഞ്ഞ ലോറിയുമായി മറ്റു വാഹനങ്ങൾ കൂട്ടിയിടിക്കാത്തതും കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതും മൂലം വൻദുരന്തമാണ് ഒഴിവായത്. അപകടത്തിന് കാരണമായ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ജീവഹാനി ഒഴിവായതെന്നും വൻ ദുരന്തം ഒഴിവായിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് നാടൊന്നാകെയെന്നും കാരശേരി പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൾ അക്ബർ പറഞ്ഞു
District News
കോടഞ്ചേരി: തിരുവമ്പാടി എംഎൽഎ സി.കെ.കാസിമിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സി.കെ. കാസിം എംഎൽഎയുടെ അധ്യക്ഷതയിൽ കോടഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.
കോടഞ്ചേരിയിലെ മലയോര റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കും ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ജനകീയ കാമ്പയിൻ തൂഫാൻ വാരിയർ പ്രവർത്തനങ്ങൾ സ്കൂളുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടുകൂടി കൂടുതൽ ജനകീയമാക്കുന്നതിനും തീരുമാനിച്ചു.പിഎംജി എസ് വൈ റോഡുകളുടെ നിർമാണം വേഗത്തിലാക്കും.
കാട്ടുമൃഗ ശല്യത്തിനും സോളാർ ഫെന്‍സിംഗിനും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വന അതിർത്തികളിലെ കൃഷിക്കാർക്ക് സോളാർ ലൈറ്റുകൾ അടക്കം സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിർദേശങ്ങളും വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഈരൂട് പാലവും അനുബന്ധ റോഡ് സൗകര്യങ്ങൾ നബാർഡിൽ ഉൾപ്പെടുത്തി നടത്താവുന്നതിനെക്കുറിച്ചും ജലജീവൻ പദ്ധതി നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആക്കി വരുന്ന വേനൽക്കാലത്തിനു മുമ്പ് കുടിവെള്ളം ലഭ്യമാക്കുന്നതിനെ കുറിച്ചും ഉള്ള ചർച്ചകൾ വിവിധ ജനപ്രതിനിധികൾ ഉന്നയിച്ചു.
പ്രായോഗികമായ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമയബന്ധിതമായി പദ്ധതികളുടെ പൂർത്തീകരണത്തിന് മേൽനോട്ടം വഹിക്കുമെന്ന്അധ്യക്ഷ പ്രസംഗത്തിൽ എംഎൽഎ അറിയിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് , പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്ഡിംഗ്ചെയർമാൻ ജോബി ഇലന്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാനസ് സുബൈർ , വിൻസന്റ് വടക്കേ മുറിയിൽ, മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണികാപ്പാട്ട് മല, ഗപഞ്ചായത്ത് മെമ്പർമാരായ ബാബുപട്ടരാട്ട്, സി കെ ചന്ദ്രൻ, സത്യൻ ചോലയിൽ, ജിജി എലിവാലുങ്കൽ, നാൻസി ജോഷി, വിൽസൺ തറപ്പേൽ, ശിവദാസൻ താഴെപ്പാലാട്ട്, ബേബി വളയത്തിൽ, ജോബി ജോസഫ്, റെജിതമ്പി, ബിന്ദു ജോർജ്,ജ്യോതി സന്തോഷ്, സജിനി രാമൻകുട്ടി, റീന ബിജു കക്കൂഴി, റോയ് കുന്നപ്പള്ളി, എന്നിവർ വാർഡുകളിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് വിശദീകരിച്ചു.
District News
കോഴിക്കോട്: സംസ്ഥാനത്ത് വലിയ ശമ്പളം പറ്റുന്ന സ്ത്രീ ജീവനക്കാർക്ക് ഉൾപ്പെടെ സൗജന്യ യാത്ര അനുവദിച്ച കേരള സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഈ ആനുകൂല്യം പരിമിതിപ്പെടുത്തി കേരളത്തിലെ മുഴുവൻ വിദ്യാര്‍ഥികളായ ആൺകുട്ടികൾക്കും സൗജന്യ യാത്രാ സൗകര്യം അനുവദിക്കണമെന്ന് കെഎസ് സി (എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.
കെഎസ് സി (എം) ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. അനേക് തോണിപ്പാറ അധ്യക്ഷത വഹിച്ചു.ടി.എം. ജോസഫ്, കെ.എം. മാണി (ജൂണിയര്‍) കെ.എം പോൾസൺ, ജെസ്വിൻ മുട്ടത്ത്, അമൽ അഗസ്റ്റ്യൻ, റോയി മുരിക്കോലിൽ , സിജോ വടക്കേൻതോട്ടം, ഇ.ടി. സനീഷ്, ജോയി മ്ളാക്കുഴി,വിൽസൺ താഴത്ത്പറമ്പിൽ,ജിഷ പുതിയേടത്ത്, ജോസ് പൈമ്പിള്ളി, സണ്ണി പുതു പറമ്പിൽ.ദിനീഷ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
District News
ബാലുശേരി: വട്ടോളി ബസാറിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. താമരശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറുമാണ് സംസ്ഥാന പാതയിലെ വട്ടോളി ബസാറിൽ വെച്ച് കൂട്ടിയിടിച്ചത്.
അപകടത്തിന്റെ ആഘാതത്തിൽ കാറിനെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗത്തെ യാത്രക്കാരായ എകരൂൽ വാഴയിൽ നബീസ (65), ഉള്ളിയേരി മീത്തലെ കിഴക്കയിൽ അജിത (50), വട്ടോളി ആലോത്തൊടി ആദിത്യ (23), കാറിലുണ്ടായിരുന്ന ആന്ധ്ര സ്വദേശിനി ചെമ്മാട് ഗുലാബ് ജാൻ (43) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ബാലുശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കി.
District News
കോഴിക്കോട് : കുണ്ടായിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം അപകടാവസ്ഥയിലായ പഴയ ആശുപത്രി കെട്ടിടം നിയമാനുസൃത നടപടിക്രമം പാലിച്ച് എത്രയും വേഗം പൊളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പകരം സംവിധാനങ്ങൾ ഏർപ്പെടുത്തി പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം.
കോഴിക്കോട് കോർപറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ കോഴിക്കോട് ജില്ലാ കളക്ടറും നടപടിയെടുത്ത് 15 ദിവസത്തിനകം കമ്മീഷൻ ഓഫീസില്‍ റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 21 ന് രാവിലെ 10.30 ന് വെസ്റ്റ്ഹിൽ പിഡബ്ല്യുഡി റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പ്രതിദിനം മുന്നൂറിലധികം രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രത്തിലെ വിള്ളൽ വീണ പഴയ കെട്ടിടത്തിലാണ് മരുന്നുകൾ സൂക്ഷിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർ ജോലി ചെയ്യുന്നതും ഇവിടെയിരുന്നാണ്. രോഗികളുടെയും ജീവനക്കാരുടെയും ജീവന് കെട്ടിടം ഭീഷണിയായി മാറുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
District News
കോഴിക്കോട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കല്ലുത്താൻകടവിലെ വ്യാപാര സമുച്ചയത്തിൽ എട്ടുമാസങ്ങൾ പിന്നിട്ടിട്ടും ഒരു കടമുറി പോലും തുറന്ന് വ്യാപാരം ആരംഭിച്ചില്ല. പാളയം മാർക്കറ്റിൽ നിന്ന് പിൻവാങ്ങാനുള്ള വ്യാപാരികളുടെ താത്പര്യക്കുറവാണ് ഇതിന് കാരണം.
നിരവധി കാരണങ്ങളാണ് വ്യാപാരികൾ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. മുറികളുടെ വലിപ്പക്കുറവ്, മഴപെയ്താൻ വെള്ളം കടമുറിയിലേക്ക് അടിച്ചുകേറുന്നത് പഴങ്ങളും പച്ചക്കറികളും വാങ്ങാൻ വരുന്നവർക്ക് നടക്കാനുള്ള സ്ഥലത്തിന്റെ പരിമിതി എന്നിവയെല്ലാമാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
നഗര ഹൃദയഭാഗത്താണ് പാളയം മാർക്കറ്റ് പ്രവർത്തിക്കുന്നത്. തൊട്ടടുത്ത് ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നതിനാൽ സാധനങ്ങൾ എളുപ്പത്തിൽ കയറ്റി അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനും സാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൂടാതെ, ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.
കല്ലുത്താൻകടവിൽ പഴങ്ങൾ പഴുപ്പിക്കുന്നതിന് സൗകര്യങ്ങൾ കുറവാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഷീറ്റ്കെട്ടി മറച്ച സ്ഥലമാണ് അവിടെ അതിനായി ഒരുക്കിയിരിക്കുന്നത്. ഇത് പഴങ്ങൾ നശിച്ചുപോകാൻ കാരണമാകുമെന്ന് അവർ പറഞ്ഞു. വ്യാപാരികൾ പാളയം മാർക്കറ്റിൽ നിന്ന് കല്ലുത്താൻ കടവിലേക്ക് മാറുന്നത് താത്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്. വ്യാപാരികൾക്കും സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും കല്ലുത്താൻകടവിൽ പാർക്കിംഗിന് ഉൾപ്പെടെഅസൗകര്യങ്ങൾ ഉണ്ടെന്ന് വ്യാപാരികൾ ആരോപിച്ചു. കാര്യങ്ങൾ കൃത്യമായി പഠിക്കാതെയാണ് വ്യാപാര സമുച്ചയങ്ങൾ പണിതതെന്നും വ്യാപാരികളുടെ താത്പര്യം അധികൃതർ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.
കല്ലുത്താൻകടവ് ഏരിയ ഡെവലപ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനാണ് കല്ലുത്താൻകടവ് വ്യാപാര സമുച്ചയത്തിന്റെ നിർമാണ, നടത്തിപ്പ് അനുമതി. നവംബറിൽ വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്തുവെങ്കിലും ജനുവരിയിലാണ് കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ കിട്ടിയത്. ഇതിന് ശേഷം പാളയം മാർക്കറ്റ് ഇവിടേക്ക് മാറ്റുന്നതിനുള്ള അപേക്ഷ കമ്പനി കോർപറേഷന് കൈമാറി.
വ്യാപാരികൾക്ക് കടമുറികൾ കൈമാറുന്നതിനുള്ള കാര്യങ്ങൾ കോർപറേഷൻ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. വ്യാപാരികൾക്ക് കടമുറികൾ അനുവദിക്കുന്നതിന് ലോട്ട് എടുക്കുകയും ചെയ്തു. എന്നാൽ വ്യാപാരികളാരും ഇവിടേക്ക് കച്ചവടം മാറുന്നതിന് തയ്യാറായില്ല. 2009ൽ തുടങ്ങിയ പ്രൊജക്ട് ആണിത്. പരമാവധി 64 കോടിയാണ് ഇതിനായി ചെലവ് പ്രതീക്ഷിച്ചിരുന്നത്.എന്നാൽ, നിലവിൽ 100 കോടിയോളം ചെലവായി. കല്ലുത്താൻകടവിൽ താമസിച്ചിരുന്ന 140 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നിർമിച്ച് നൽകിയ ശേഷം 162 സെന്റ് സ്ഥലത്താണ് കല്ലുത്താൻ കടവ് പച്ചക്കറി വ്യാപാര സമുച്ചയം പണിതിരിക്കുന്നത്.
District News
കൂരാച്ചുണ്ട്: റോഡിലേക്ക് കാട് വളർന്ന് യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നതായി ആക്ഷേപം.കൂരാച്ചുണ്ട് - കല്ലാനോട് റോഡിൽ കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള ഭാഗത്താണ് സ്വകാര്യ ഭൂമിയിലും റോഡിലും കാടുവളർന്ന് കാൽനട യാത്രക്കാർക്കുൾപ്പെടെയുള്ളവർക്ക് ദുരിതമായി തീർന്നത്.ോബന്ധപ്പെട്ട അധികൃതർ ഈ കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്തിലെ പല വാർഡുകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലം കാടു മൂടിക്കിടക്കുന്നുവെന്നും ഇത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. പഞ്ചായത്ത് കാടു വെട്ടിച്ച് സ്വകാര്യ വ്യക്തിയിൽ നിന്നും തുക ഈടാക്കണമെന്നും പൊതുജനങ്ങൾക്ക് ഭീഷണിയായി തീർന്ന കാട് വെട്ടിമാറ്റാൻ ഉടമകൾക്ക് നോട്ടീസ് അയക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ.പ്രേമൻ,പീറ്റർ കിങ്ങിണിപ്പാറ, തോമസ് പുന്നമറ്റത്തിൽ, ഗോപിനാഥൻ, ഗോപാലൻ മണ്ടോപാറ, വിനു മ്ലാക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണോമസ്) കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം എഐ അണ്‍പ്ലഗ്ഗ്ഡ് 2026 സിമ്പോസിയം സംഘടിപ്പിച്ചു.സാന്റിയാഗോ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിഡന്റ് ഡോ.അക്ഷയ് പൊറ്റത്തില്‍, ഡോ. രജീഷ് എസ്.രവി (അസോ. പ്രഫ. മലബാര്‍ മെഡിക്കല്‍ കോളജ്), നിസാമുദ്ദീന്‍ ഫിറോസ്, രാഹുല്‍ മുരളീധരന് എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു.
ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി.നായര്‍ മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു.കാലിക്കട്ട് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ശ്രീനാഥ് മൂര്‍ച്ചിലോട്ട്, കോളജ് വൈസ് പ്രിന്‍സിപല്‍ ഫാ. എന്‍.ജെ. ആന്റോ, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ സനാതനന് വെള്ളുവ, വകുപ്പ് മേധാവി പി.അണിമ എന്നിവര്‍ സംസാരിച്ചു.
District News
രാമനാട്ടുകര : രാമനാട്ടുകര നഗരസഭ നടപ്പാക്കുന്ന വിദ്യാഭ്യാസ പിന്തുണ പദ്ധതി 'ഗോള്‍ 2026' മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്സണ്‍ കല്ലട മുഹമ്മദലി അധ്യക്ഷനായി. അഡ്വ. പി എ മുഹമ്മദ് റിയാസ് എംഎല്‍എ മുഖ്യാതിഥിയായി.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി നാസര്‍ ഉപഹാര സമര്‍പ്പണം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് പരീക്ഷകളിലെ വിജയികള്‍ക്കും മാനക് ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥിക്കുമുള്ള അനുമോദനം, നഗരസഭയിലെ വിവിധ അങ്കണവാടികളില്‍ പ്രവേശനം നേടിയ കുഞ്ഞുങ്ങള്‍ക്കുള്ള ഉപഹാര വിതരണം, നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പിഎച്ച്സി ജീവനക്കാര്‍ക്കുള്ള ആദരം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.
District News
കോഴിക്കോട്: തിക്കോടി പഞ്ചായത്തില്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയം ഒരുക്കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. സ്റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന കോടിക്കല്‍ പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുവദിക്കുന്ന ആദ്യ സ്റ്റേഡിയമായി ഇത് മാറും. അനുബന്ധമായി കായികരംഗത്ത് നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതകളും പരിശോധിക്കും. പ്രദേശത്തിന്റെ ടൂറിസം, ബീച്ച് ഡ്രൈവ് സാധ്യതകള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.തുടര്‍ന്ന് പയ്യോളി നഗരസഭയിലെ കുഞ്ഞാലി മരക്കാര്‍ മ്യൂസിയവും മന്ത്രി സന്ദര്‍ശിച്ചു.
District News
താമരശേരി: താമരശേരി- ബാലുശേരി റോഡിൽ ബിഷപ് ഹൗസിനു മുന്നിൽ പിക്കപ്പ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രികരായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു.ഇവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.താമരശേരിയിൽ നിന്നും നരിക്കുനിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ ബസും ബാലുശേരി ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാനുമാണ് കുട്ടിയിടിച്ചത്.
മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ ഓയിലും ചില്ലും നീക്കം ചെയ്ത് വൃത്തിയാക്കിയത്.റോഡ് നവീകരണത്തിലെ അപാകത കാരണം റോഡിൽ വെള്ളവും ഓയിലും കെട്ടി നിൽക്കുന്നതാണ് ഈ റോഡിൽ അപകടം പെരുകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
റോഡ് നവീകരണത്തിലെ അപാകതയ്ക്ക് ഒരു മാസത്തിനകം അടിയന്തിര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് മാസമായിട്ടും തുടര്‍ നടപടിയായിട്ടില്ല. 228 കോടി രൂപയാണ് റോഡ് നവീകരണ പ്രവൃത്തിക്ക് വേണ്ടി സർക്കാർ വകയിരുത്തിയത്.
District News
മാനന്തവാടി: ഡിസംബര്‍ 20 മുതല്‍ 23 വരെ ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (ഡബ്ല്യുഎല്‍എഫ്)മൂന്നാം എഡിഷന് നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.
ഇതിനു ദ്വാരകയില്‍ ചേര്‍ന്ന യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് അധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഷാജന് ജോസ്, ഡബ്ല്യുഎല്‍എഫ് ട്രസ്റ്റി ഷില്‍സണ്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, സംഘാടക സമിതി മുന്‍ ചെയര്മാന് സംഷാദ് മരക്കാര്‍, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.ജി. ബിജു, സൂപ്പി പള്ളിയാല്‍, വിനോദ് തോട്ടത്തില്‍, സി.എം. സന്തോഷ്, കെ.എം. ഷിനോജ്, ബിനു, വി.എം. ഷൈജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഉഷ വിജയന് എംഎല്‍എ (ചെയര്‍പേഴ്സണ്‍), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്മാന് പി. വിശ്വനാഥന്, നോബര്ട്ടൈന്സ് പ്രിലേറ്റ് ഫാ. ജോസ് മുരിക്കന്‍ ( വൈസ് ചെയര്പേഴ്സണ്മാര്), ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ (ജനറല്‍ കണ്‍വീനര്‍)എന്നിവരെ തെരഞ്ഞുടുത്തു. ഫെസ്റ്റിവല്‍ പ്രവേശന പാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് ഏറ്റുവാങ്ങി.
District News
കല്‍പ്പറ്റ: ലോകോത്തര വിപണികള്‍ക്കൊപ്പം മികച്ച ഉത്പന്നങ്ങള്‍ വിപണികളിലെത്തിച്ച് കുടുംബശ്രീ അഭിവൃദ്ധിപ്പെട്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി.
ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പരിപാടികള്‍ പരിചയപ്പെടുത്തുന്നതിന് കുടുംബശ്രീ ജില്ലാമിഷന് മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓരോ കുടുംബങ്ങളിലെയും സ്ത്രീകള്‍ സമ്പാദിച്ചാല്‍ കേരളം സാമ്പത്തിക അതിജീവനത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് മനസിലാക്കിയാണ് കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചത്. ഒരു പ്രസ്ഥാനം എത്രമാത്രം വലുതാകുന്നുവോ അത്രയും ജാഗ്രത അനിവാര്യമാണ്.
കാലത്തിനനുസൃതമായ മാറ്റങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കൂട്ടായ്മയെ തെറ്റായ പ്രചാരണത്തോടെ നയിക്കുന്ന ഏതൊരു പ്രവര്‍ത്തിയേയും കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ജാഗ്രതയുടെ ഭാഗമായിട്ടാണ് തദ്ദേശ അധ്യക്ഷന്മാര്ക്കും കുടുംബശ്രീയും സംയുക്തമായി ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയില് പനമരം, വെള്ളമുണ്ട സിഡിഎസുകളെ സമ്പൂര്‍ണ ഐഎസ്ഒ സിഡിഎസുകളായി മന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീ മാഗസിന് "പാനകം26' ഉഷ വിജയന് എംഎല്‍എയ്ക്ക് കൈമാറി മന്ത്രി പ്രകാശനം ചെയ്തു.
ദാരിദ്ര്യ നിര്‍മാര്‍ജന സ്ത്രീശക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ലോകത്തിന് മാതൃക കൂട്ടായ്മയാണെന്ന് പരിപാടിയില്‍ അധ്യക്ഷതവഹിച്ച കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന 2026 വനിതാ കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ചത് പ്രകാരം സംസ്ഥാനത്ത് അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന കൃഷി സഖി പദ്ധതിക്ക് കൃഷി വകുപ്പ് നേതൃത്വം കൊടുക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പാനായി 350 ലക്ഷം രൂപ സംസ്ഥാന തലത്തില്‍ മാറ്റിവച്ചിട്ടുണ്ട്. പദ്ധതി തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി പ്രവര്‍ത്തിക്കും. കാര്‍ഷിക ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം ഒഴിവാക്കാന്‍ കാര്‍ഷിക വൃത്തിയിലേക്ക് തിരിച്ചു വരണം. ഇതിനായാണ് കതിര് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിംഗ് തയാറാക്കാന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ രീതിയില്‍ ഉണര്‍വുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ പദ്ധതിയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍, കല്‍പ്പറ്റ ബഡ്സ് സ്ഥാപനങ്ങളെ മോഡല്‍ ബഡ്സ് സ്കൂളുകളായുള്ള പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. മോഡല്‍ ബഡ്സ് സ്കൂളിനുള്ള പഠനോപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.
ജില്ലാ കുടുംബശ്രീ മിഷന്റെ എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതി സ്വാസ്ഥ്യം 2026 കര്‍ക്കടക ഔഷധകൂട്ട് ഉഷ വിജയന് എംഎല്‍എ ലോഞ്ച് ചെയ്തു. സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് പോസ്റ്റര്‍ പ്രകാശനം, എസ്വിഇപി അംബ്രല്ല പദ്ധതിയുടെ കീഴില്‍ നടപ്പാക്കിയ എജിഇവൈ വാഹനങ്ങളുടെ താക്കോല്‍ കൈമാറ്റം, എജിവൈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട സിഡിഎസുകള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണോദ്ഘാടനം എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് നിര്‍വഹിച്ചു.
മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില് ഡിഎം കെ. അജീഷ്, ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി. ബിജു, ജാഫര്‍ പാലക്കല്‍, സി.ടി. രഞ്ജിത്ത്, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ്, കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്, ഫാം ലൈവ് ഫുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ്, കുടുംബശ്രീ ജില്ലാമിഷന് എഡിഎംസിമാരായ കെ.എം. സലീന, കെ.കെ. അമീന്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ. സുഹൈല്‍, ജനപ്രതിനിധികള്‍, മെംബര്‍ സെക്രട്ടറിമാര്‍, സിഡിഎസ് ചെയര്പേഴ്സണ്മാര് തുങ്ങിയവര്‍ പങ്കെടുത്തു.
District News
ചുള്ളിയോട്: അമ്പുകുത്തി-കരടിപ്പാറ - തോമാട്ടുചാല്‍ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും നാട്ടുകാരെ മുഴുവന്‍ വെല്ലുവിളിക്കുന്ന കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരേയും നാട്ടുകാര്‍ പ്രതിഷേധിച്ചു.ഒരു വര്‍ഷമായി റോഡ് പൊളിച്ചിട്ടിട്ടും ഗതാഗത യോഗ്യമാക്കാത്തില് പ്രതിഷേധിച്ച് കരടിപ്പാറ നവോദയ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചത്.
റോഡ് നിർമാണം ഉടന്‍ ആരംഭിക്കുകയോ താത്കാലിക റോഡ് ഒരുക്കുകയോ ചെയ്തില്ലെങ്കില്‍ വലിയ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.നേന്മേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി കോട്ടയില്‍, ക്ലബ് പ്രസിഡന്റ് പി.പി. റഷീദ്, സെക്രട്ടറി കെ. ഷമീര്‍, പി.എം. ഷബീര്‍, സി.എച്ച്. നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് തോമസ് എയുപി സ്കൂളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ ബിയോണ്ട് ദ ബസ്സ് പ്രകാശം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് മിനി ജോണ്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍ പി.ജെ. സെബാസ്റ്റ്യന്‍ പ്രസംഗിച്ചു. ലഹരിക്കെതിരേ കുട്ടികളുടെ സൂംബ ഡാന്‍സ് അവതരണവും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ലഹരിക്കെതിരേ മനുഷ്യച്ചങ്ങല നിര്‍മിക്കുകയും ചെയ്തു.
കല്ലോടി: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ "ഉണർവ്’ രക്ഷാകർതൃ സമ്മേളനവും "ബിയോണ്ട് ദ ബസ്സ്’ കർമപദ്ധതി ഉദ്ഘാടനവും നടത്തി.
എടവക പഞ്ചായത്ത് വാർഡ് അംഗം ജംഷീറ ഷിഹാബ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി കോർപ്പറേറ്റ് സ്കൂൾ പ്രത്യേക കർമപദ്ധതിയായ "ബിയോണ്ട് ദ ബസ്സ്’ ലോഗോ പ്രകാശനം മാനന്തവാടി ജനമൈത്രി അസിസ്റ്റന്റ് ഇൻസ്പെക്ടർ ഇ.കെ. ബാബു നിർവഹിച്ചു.
സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്. ജയ്മോൻ ലഹരി വിരുദ്ധ സന്ദേശം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മദർ പിടിഎ പ്രസിഡന്റ് രമ്യ ബാബു അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി. റോഷ്നി, സീനിയർ അസിസ്റ്റന്റ് ബിന്ദു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
District News
തോണിച്ചാല്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം അജപാലന സന്ദര്‍ശനം നടത്തി.വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പിതാവ് സെമിത്തേരി സന്ദര്‍ശനവും പൂര്‍വികരുടെ അനുസ്മരണവും നടത്തി. തുടര്‍ന്ന് ഇടവകാംഗങ്ങള്‍, ഭക്തസംഘടനാപ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. എമ്മാവൂസ് വില്ല, ഹോളിക്രോസ് കോണ്‍വന്റ്, കാരുണ്യ നിവാസ്, ക്രിസ്തുദാസി കോണ്‍വന്റ് എന്നിവിടങ്ങളും കിടപ്പുരോഗികളുടെ വീടുകളും മാര്‍ താരാമംഗലം സന്ദര്‍ശിച്ചു.വികാരി ഫാ. ബിജോ കറുകപ്പള്ളി, കൈക്കാരന്മാര്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സിസ്റ്റേഴ്സ്, മതബോധന അധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
District News
സുല്‍ത്താന്‍ ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎ സംഘടിപ്പിച്ച രണ്ടാമത് മലബാര്‍ ഭദ്രാസന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചീങ്ങേരി സെന്റ് മേരീസ് ജേതാക്കളായി.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് രണ്ടാം സ്ഥാനവും ബത്തേരി സെന്റ് മേരീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൂലങ്കാവ് ദ സ്പോര്‍ട്സ് ഹാബിറ്റ് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ 14 ടീമുകള്‍ മാറ്റുരച്ചു. ജെഎസ്ഒവൈഎ മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേസില്‍ ഷാജു പനച്ചിയില്‍, സെക്രട്ടറി എല്‍ദോസ് കണിയാട്ടുകുടിയില്‍, ബത്തേരി മേഖല പ്രസിഡന്റ് ഫാ. എല്‍ദോ അതിരമ്പുഴയില്‍, മനു അരിമുള, ടോംസ് പുല്‍പ്പള്ളി, ബേസില്‍ ബിയോണ്, എല്‍ദോസ് മാങ്ങോട്, ഷനു ബത്തേരി, ബേസില്‍ നീലഗിരി, ആന്‍സി തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
പുല്‍പ്പള്ളി: മലബാര്‍ പ്രദേശത്തിന്റെയും പ്രത്യേകിച്ച് ജില്ലയുടെയും സമഗ്രവികസനത്തിനുതകുന്ന ബൈരക്കുപ്പപ്പാലത്തിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മേഖല നേതൃസംഗമം ആവശ്യപ്പെട്ടു.കേരള-കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിച്ചുകൊണ്ട് കബനി നദിക്കു കുറുകെ പാലം വരുന്നത്തോടെ മൈസൂരുവിലേക്കുള്ള ദൂരം ഗണ്യമായി കുറയുന്നതോടൊപ്പം ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി കൈവരിക്കാനുമാകും.
മേഖലയിലെ കാര്‍ഷിക പുരോഗതിക്കായി വന്യമൃഗശല്യത്തിന് ശ്വാശ്വതപരിഹാരം കാണുക, രൂക്ഷമായ വരള്‍ച്ച തടയാന്‍ ജലസേചന സൗകര്യമൊരുക്കുക, കാര്‍ഷികവിളകള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുക, കടക്കെണി മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ആശ്വാസനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സമുദായ ശക്തീകരണത്തിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ആടിക്കൊല്ലി പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സാമുദായിക ശക്തീകരണ വര്‍ഷം നേതൃസംഗമം മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സുനില്‍ പാലമറ്റം അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. സുനില്‍ വട്ടുകുന്നേല്‍, ഫാ. ജോണി കല്ലുപുര, ഫാ. ജയിംസ് ചെമ്പക്കര, ഫാ. ജോഷി പുല്‍പ്പയില്‍, ഫാ. സജി പുഞ്ചയില്‍, ഫാ. ജയിംസ് കുന്നത്തേട്ട്, ഫാ. ബിജു ഉറുമ്പില്‍, ഫാ. റോയി വട്ടക്കാട്ട്, ഫാ. ജോജോ ഔസെപ്പറമ്പില്, ഫാ. സജി ഇളയിടത്ത്, ഫാ. ജോസ് കളപ്പുര, രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തിങ്കില്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളില്‍, രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ജോര്‍ജ് കൊല്ലിയില്‍, വിമന്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍ ബീന കരിമാംകുന്നേല്‍, മാതൃവേദി പ്രസിഡന്റ് മേഴ്സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: പാളക്കൊല്ലി-ചേകാടി റോഡില്‍ പൊളന്ന, ചന്ദ്രോത്ത് ഭാഗങ്ങില്‍ റോഡിന് സമീപം നില്ക്കുന്ന അപകടഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിവേണമെന്നാവശ്യം.
ഇതുസംബന്ധിച്ച് നാട്ടുകാര്‍ നേരത്തെ വനംവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റോഡിനോട് ചേര്‍ന്ന് അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി ലഭിച്ചെങ്കിലും മരം മുറിച്ചുമാറ്റി കുപ്പാടി ഡിപ്പോയിലെത്തിക്കുന്നതിനാവശ്യമായ ഫണ്ട് ലഭിക്കാത്തത് മൂലം മരം മുറിക്കാന്‍ കഴിഞ്ഞിട്ടില്ല.
മരം മുറിച്ചുനീക്കണമെന്ന് പഞ്ചായത്ത് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇല്ലാത്ത അവസ്ഥയാണ്.ഈ റോഡിലെ അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുനീക്കിയാല്‍ വലിയ വാഹനങ്ങള്‍ക്കുള്‍പ്പെടെ ഇതുവഴി കടന്നുപോകാന്‍ കഴിയും.അടിയന്തരമായി മരങ്ങള്‍ മുറിച്ചുമാറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കല്‍പ്പറ്റ: മടക്കിമലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കിയ 50.12 ഏക്കര്‍ ഭൂമിയില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രസ്താവിച്ചെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി.
വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് നിലവിലുള്ള സര്‍ക്കാരെന്നും അന്നത്തെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യോഗം വിലയിരുത്തി. നടപ്പാക്കാന്‍ യാതൊരു സാധ്യതയും ഉദ്ദേശവും ഇല്ലാത്ത ഒരു പദ്ധതിയുടെ പേരുപറഞ്ഞ് വൈത്തിരി, ബത്തേരി താലൂക്കുകളിലെ ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുകയാണ് ആരോഗ്യ മന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎല്‍എമാരും.
കല്‍പ്പറ്റക്കാരനായ ഡിസിസി പ്രസിഡന്റ് കല്പ്പറ്റയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് മാനന്തവാടിയിലേക്കോ അതിനപ്പുറമുള്ള കുഴിനിലത്തേക്കോ മാറ്റാന്‍ മുന്നിട്ടിറങ്ങിയത് സ്വകാര്യ ആശുപത്രി ലോബിയുടെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടാണോയെന്ന് വ്യക്തമാക്കണം. മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ തുടരും. ഈ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ആക്ഷന്‍ കമ്മിറ്റി തയാറല്ല. അമ്പുകുത്തിയിലെ വനഭൂമി ലഭ്യമാകില്ല എന്നായതോടെ കെഎസ്ഇബിയുടെ കൈവശത്തിലുള്ള ഭൂമി മെഡിക്കല്‍ കോളജിനായി വിട്ടുനല്‍കുന്നതിനുള്ള ശ്രമം കണ്ണൂര്‍ ലോബിയുടെ സ്വാധീനമാണ്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പേരാവൂര്‍ എംഎല്‍എയും മന്ത്രിയുമായ സണ്ണി ജോസഫിന്റെ താത്പര്യം ഈ കാര്യത്തില്‍ വ്യക്തമാണ്. എന്നാല്‍ ഇവിടെ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കെഎസ്ഇബിയുടെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജില്ലയിലെ മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയും ആയ ടി. സിദ്ദിഖ് മൗനം തുടരുന്നതിലും കല്‍പ്പറ്റയുടെ വികസന ആവശ്യങ്ങള്‍ക്ക് താത്പര്യം എടുക്കാത്തതിലും പ്രതിഷേധിച്ച് മന്ത്രിയുടെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് നടത്തുവാന്‍ തീരുമാനിച്ചിരുന്ന ജനകീയ മാര്‍ച്ച് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
ജനകീയ മാര്‍ച്ചിന്റെ തീയതി ഉടന്‍ തീരുമാനിക്കും. നിന്ന് തിരിയാന്‍ ഇടമില്ലാത്ത മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക കോടിക്കണക്കിന് രൂപവിലയുള്ള ഉപകരണങ്ങളും മറ്റുംവാങ്ങിക്കൂട്ടിയത് ഇവിടെ മതിയായ സൗകര്യം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ ചെയ്തതാണ്. ആ ഉപകരണങ്ങളെല്ലാം ഇപ്പോള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേയും രാഷ്ട്രീയ നേതൃത്വത്തിന് എതിരേയും നടപടി എടുക്കുകയും സര്‍ക്കാരിന് ഉണ്ടായ നഷ്ടം അവരില്‍ നിന്ന് ഈടാക്കുകയും വേണം.
കല്‍പ്പറ്റ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കുറിച്യ സമുദായ ജില്ലാ പ്രസിഡന്റ് ടി. മണി ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. എസ്.എ. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വാസുദേവന്‍ മടക്കിമല, കരുണാകരന് വടക്കനാട്, ജോണി പാറ്റാനി, ബിന്ദു മില്‍ട്ടണ്‍, അഷറഫ് കുന്നത്ത്, എച്ച്. സുജാത, വര്‍ഗീസ് വട്ടേക്കാട്, ഉദയകുമാര്‍ ബത്തേരി, ശശി അമ്പലവയല്‍, ലൂസി കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: ഫെഡറല്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മഹീന്ദ്ര പിക്കപ്പ് വാഹനം ബത്തേരി നഗരസഭയ്ക്ക് കൈമാറി.
വാഹനത്തിന്റെ താക്കോല്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ പി. സജീവ് നഗരസഭ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദറിന് കൈമാറി. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വാഹനം ഉപയോഗിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. ഷിഫാനത്ത്, കൗണ്‍സിലര്‍മാരായ രാധാ രവീന്ദ്രന്, ബാനു പുളിക്കല്‍, രാധാ ബാബു, യൂനസ് അലി, സുലഭി മോസസ്, കെ.സി. യോഹന്നാന്, ഫെഡറല്‍ ബാങ്ക് ജീവനക്കാരായ സിറാജുദ്ദീന്, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജു പി. ഏബ്രഹാം, സിറാജുദ്ദീന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
District News
മാനന്തവാടി: പിലാക്കാവില്‍ ചര്‍മമുഴ രോഗം മൂലം കന്നുകുട്ടികള് ചത്തതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ജില്ല വെറ്ററിനറി കേന്ദ്രത്തിന്റെയും ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിന്റെയും മാനന്തവാടി ക്ഷീര സംഘത്തിന്റെയും ആഭിമുഖ്യത്തിലാണ് ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്ഷീരകര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും പരിശോധനയ്ക്കുവേണ്ടി സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു.
ആവശ്യമായ ചികിത്സ ലഭിക്കാതെ കന്നുകുട്ടി മരണപ്പെട്ട ചന്തു പിലാമൂല, ചര്‍മ മുഴ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുഞ്ഞു കാനകുന്നില്, ദേവസ്യ പൊറ്റത്തടത്തില്, ദിവാകരന് നടുത്തൊടിയില്‍ തുടങ്ങിയ കര്‍ഷകരുടെ ഭവനങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. രോഗബാധയുള്ളതും രോഗം സംശയിക്കുന്നതുമായ പശുക്കളുടെയും കന്നുകുട്ടികളുടെയും രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
പ്രദേശത്തെ 200 ഓളം പശുക്കള്‍ക്ക് റിംഗ് വാക്സിനേഷന് പദ്ധതി പ്രകാരം അടിയന്തരമായി ചര്‍മ മുഴ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും വാക്സിനേഷന് സ്ക്വാഡുകളെ വിന്യസിച്ച് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ്. പ്രേമന് അറിയിച്ചു. മാനന്തവാടി വെറ്റിനറി പോളി ക്ലിനിക് സീനിയര്‍ വെറ്റിനറി സര്ജന് ഡോ. എം. രവികുമാര്‍, മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് എം. സണ്ണി ജോര്‍ജ്, സെക്രട്ടറി എം.എസ്. മഞ്ജുഷ, മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിലെ ഡോ. ജസില്‍ ജോസഫ്, അനിമല്‍ ഡിസീസ് കണ്ട്രോള് പ്രോജക്ടിലെ ഡോ. നീതു ദിവാകര്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ. എം. കൃഷ്ണാനന്ദ്, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ പി.കെ. രജീഷ്, ജീവനക്കാരായ സി. സുഭാഷ്, ക്ഷീരസംഘം ഡയറക്ടര്‍ ആര്. രാജേഷ് എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
District News
കല്ലോടി: കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ എഐ അധിഷ്ഠിത എല്‍ഇഡി പാനല്‍ ബോര്‍ഡുകളുടെ ഉദ്ഘാടനവും ലഹരിക്കെതിരേ കേരള സര്‍ക്കാര്‍ നടത്തുന്ന തൂഫാന് പദ്ധതിയോട് ചേര്‍ന്നുകൊണ്ട് തൂഫാന് ബാഡ്ജ് വിതരണവും കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമായ പഠനാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ സ്വഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.ഉഷ വിജയന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റും അധ്യാപകരും ചേര്‍ന്നാണ് ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഏറ്റവും ആധുനികമായ നിയോടെക് ക്ലാസ് മുറികള്‍ വിദ്യാലയത്തില്‍ ഒരുക്കിയത്.
എഐ അധിഷ്ഠിത എല്‍ഇഡി പാനല്‍ ബോര്‍ഡുകള്‍ അധ്യാപനരീതിയില്‍ പുരോഗതി സൃഷ്ടിക്കുന്നതോടൊപ്പം നിർമിത ബുദ്ധിയുടെ സഹായത്തോടെ വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്താനും വ്യക്തിഗത പഠനസഹായം നല്‍കാനും സഹായിക്കും. ത്രിമാന ദൃശ്യാവിഷ്കാരങ്ങള്‍, ആനിമേഷനുകള്‍, വീഡിയോ അധിഷ്ഠിത പഠനം, തത്സമയ സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പഠനം കൂടുതല്‍ ലളിതവും ആസ്വാദ്യവുമാകും. വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്ത, സാങ്കേതിക വൈദഗ്ധ്യം, പ്രശ്ന പരിഹാരശേഷി എന്നിവ വളര്‍ത്തുന്നതിനും ഭാവിയിലെ ഡിജിറ്റല്‍ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഈ സംവിധാനങ്ങള്‍ വഴിയൊരുക്കും.
ലഹരി വിരുദ്ധ ലോഗോ പ്രകാശനം സ്കൂള്‍ മാനേജര്‍ ഫാ. സജി കോട്ടായില്‍ നിര്‍വഹിച്ചു. വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലയില്‍ മികവുകള്‍ തെളിയിച്ച അധ്യാപകരെയും രക്ഷിതാക്കളെയും എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ ബാലന്, മാനന്തവാടി ഉപജില്ല എഇഒ എം. സുനില്‍കുമാര്‍, സ്കൂള്‍ പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ് എന്നിവര്‍ ആദരിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര് ജോസ് പള്ളത്ത്, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രിജേഷ് ബാബു, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ജി. റോഷ്നി, എംപിടിഎ പ്രസിഡന്റ് സീനത്ത് ബീരാളി, പ്രീ പ്രൈമറി വിഭാഗം പിടിഎ പ്രിഡന്റ് പി.ടി. പ്രശോഭ്, വിദ്യാര്‍ഥി പ്രതിനിധി ഹന്ന കാര്‍മല്‍, അധ്യാപകരായ നസ്രിന് തയ്യുള്ളതില്‍, കാതറിന് സി. തോമസ്, മോളിക്കുട്ടി സിറിയക്, ഷിന്റോ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
വടുവഞ്ചാല്‍: ചിത്രഗിരി സെന്റ് ജോര്‍ജ് സണ്ഡേസ്കൂളും ചെറുപുഷ്പ മിഷന് ലീഗ് ചിത്രഗിരി ശാഖയും ചേര്‍ന്ന് ലഹരി വിരുദ്ധ ക്ലബ് (ജ്വാല 2026) രൂപീകരിക്കുകയും ലഹരിവിരുദ്ധ കാമ്പയിനിന് തുടക്കമിടുകയും ചെയ്തു.
ഫാ. ജോര്‍ജ് മഞ്ചാടിയും ഫാ. ഐസക് കൊങ്ങമ്പുഴയും ചേര്‍ന്ന് ജ്വാല 2026 ലീഡര്‍ ജോയല്‍ അമ്പാറയ്ക്ക് ദീപശിഖ കൈമാറി കാമ്പയിന് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. റിജോസ് പയസ് അരുമായില്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. സണ്ഡേസ്കൂള് എച്ച്എം ബൈജു പച്ചിക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റോണി വെട്ടിക്കാട്ടില്‍, ജോസ് കാരകുന്നേല്‍, ഷൈനി കുറ്റിയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മാണം ലഹരി വിരുദ്ധ കൊളാഷ് നിര്‍മാണ മത്സരങ്ങളും നടത്തി.
District News
പുല്‍പ്പള്ളി: മലബാര്‍ പ്രദേശത്തിന്റെയും പ്രത്യേകിച്ച് ജില്ലയുടെയും സമഗ്രവികസനത്തിനുതകുന്ന ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മേഖല നേതൃസംഗമം ആവശ്യപ്പെട്ടു.
കേരള-കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിച്ചുകൊണ്ട് കബനി നദിക്കു കുറുകേ പാലം വരുന്നത്തോടെ മൈസൂരുവിലേക്കുള്ള ദൂരം ഗണ്യമായി കുറയുന്നതോടൊപ്പം ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി കൈവരിക്കാനുമാകും. മേഖലയിലെ കാര്‍ഷിക പുരോഗതിക്കായി വന്യമൃഗശല്യത്തിന് ശ്വാശ്വതപരിഹാരം കാണുക, രൂക്ഷമായ വരള്‍ച്ച തടയാന്‍ ജലസേചന സൗകര്യമൊരുക്കുക, കാര്‍ഷികവിളകള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുക, കടക്കെണി മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ആശ്വാസനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സമുദായ ശക്തീകരണത്തിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
ആടിക്കൊല്ലി പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സാമുദായിക ശക്തീകരണ വര്‍ഷം നേതൃസംഗമം മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സുനില്‍ പാലമറ്റം അധ്യക്ഷത വഹിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഫൊറോന ഡയറക്ടര്‍ ഫാ. സുനില്‍ വട്ടുകുന്നേല്‍, ഫാ. ജോണി കല്ലുപുര, ഫാ. ജയിംസ് ചെമ്പക്കര, ഫാ. ജോഷി പുല്‍പ്പയില്‍, ഫാ. സജി പുഞ്ചയില്‍, ഫാ. ജയിംസ് കുന്നത്തേട്ട്, ഫാ. ബിജു ഉറുമ്പില്‍, ഫാ. റോയി വട്ടക്കാട്ട്, ഫാ. ജോജോ ഔസേപ്പറമ്പില്‍, ഫാ. സജി ഇളയിടത്ത്, ഫാ. ജോസ് കളപ്പുര, രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തിങ്കില്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളില്‍, രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ജോര്‍ജ് കൊല്ലിയില്‍, വിമന്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍ ബീന കരിമാംകുന്നേല്‍, മാതൃവേദി പ്രസിഡന്റ് മേഴ്സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
District News
മഞ്ചേരി: സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതികള്‍ അടച്ചും ചട്ടങ്ങള്‍ പാലിച്ചും സര്‍വീസ് നടത്തുന്ന ടാക്സികള്‍ക്ക് വെല്ലുവിളിയായി അനധികൃത സര്‍വീസ്.ഇത്തരം വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മഞ്ചേരി ടാക്സി സെക്ടര്‍ സിഐടിയു യൂണിറ്റ് കണ്വന്ഷന് ആവശ്യപ്പെട്ടു. റെന്റ് എ കാറുകളും സ്വകാര്യ കാറുകളുമാണ് ഇത്തരത്തില്‍ സമാന്തര സര്‍വീസ് നടത്തുന്നത്. ഇത്തരത്തിലുള്ള ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടാക്സി കാറുകളിലെപ്പോലെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും കണ്വന്ഷന് ചൂണ്ടിക്കാട്ടി.
ഓട്ടോ ടാക്സി ആൻഡ്് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. സി. മനോഹരന് അധ്യക്ഷത വഹിച്ചു. പി. ഹരിദാസ്, ജസീര്‍ കുരിക്കള്‍, പി. ഷാജഹാന് എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ടാക്സി തൊഴിലാളികളുടെ മക്കള്‍ക്ക് ചടങ്ങിൽ ഉപഹാരം നല്കി.
District News
എടക്കര: എടക്കര ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കുഴിയില്‍ വാഴനട്ട് ഡിവൈഎഫ്ഐ പ്രതിഷേധം. ഗ്രാമപഞ്ചായത്ത് ഭരണസമിതി അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ചാണ് ബസ് സ്റ്റാന്‍ഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചത്.എടക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം എ. അനസ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഷഹദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സജി കാരിപ്പറമ്പന്‍, സനല്‍ പാര്‍ലി, സി.ടി. സലീം, എം. ഷാജി, ജുബിന്‍ ജാസ്, ലുക്മാന് എന്നിവര്‍ പ്രസംഗിച്ചു.
District News
മലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പൊതുജന പരാതി പരിഹാരത്തിനായി നടത്തുന്ന "ജനസാക്ഷ്യം’ അദാലത്തിൽ ലഭിച്ച പരാതികൾ വേഗം തീർപ്പാക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദാലത്ത് ആനക്കയം ബിസ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സാങ്കേതികത്വത്തിന്റെ പേരിൽ അർഹരായവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
ജില്ലാ പഞ്ചായത്തും കളക്ടറും മുൻകൈയെടുത്ത് നടത്തുന്ന അദാലത്ത് അഭിനന്ദനാർഹമാണ.് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തിയ ജനകീയ അദാലത്തുകൾ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് സഹായകമായിരുന്നു.
പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് തടസമായി നിന്ന സാങ്കേതികത്വങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും അന്ന് മന്ത്രിസഭ ചർച്ച ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന വിധം പരിഷ്കരിച്ചിരുന്നു.
നിരാലംബരും നിസഹായരും ഭിന്നശേഷിക്കാരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ആളുകളുടെ പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള മനസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നടത്തുന്ന ജനസാക്ഷ്യം അദാലത്ത് ജില്ലയിൽ മാറ്റത്തിന്റെ തുടക്കമാണെന്നും ജില്ലയുടെ മറ്റു ഡിവിഷനുകളിലും അദാലത്ത് നടത്തുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പറഞ്ഞു.
കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ എഡിഎം പി.ഒ. സാദിഖ്, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികൾ പരിശോധിച്ചത്.
അദാലത്തിൽ 387 പരാതികൾ ലഭിച്ചു. പരാതികൾ അതിവേഗം തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയായിരുന്നു.
District News
കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്തിലെ പ്രധാന മലയോര ടൂറിസം-കാർഷിക മേഖലയായ കൽക്കുണ്ടിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്ത്തുന്നതായി ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
റോഡുകൾ കുണ്ടും കുഴിയും ചെളിയും നിറഞ്ഞതിനാൽ യാത്ര അതീവ ദുഷ്കരമാണ്. ഓട്ടോറിക്ഷകളും ബസുകളും ഇതിലൂടെ സർവീസ് നടത്താൻ മടിക്കുന്നു.വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, രോഗികൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ ദിവസേന വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
റോഡ് നവീകരണത്തിനായി ഫണ്ട് ലഭ്യമാണെന്ന് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.കൽക്കുണ്ട് മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് റോഡ് നവീകരണം ആരംഭിക്കണമെന്ന് ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു. ഒ.പി. ഇസ്മായിൽ, മാനുവൽ മണിമല, ടി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
പെരിന്തല്‍മണ്ണ : പള്ളിയിലെ 12,000 രൂപ വില വരുന്ന ഡിജിറ്റല്‍ ക്ലോക്ക് മോഷ്ടിച്ചയാള്‍ക്ക് പുലാമന്തോള്‍ ഗ്രാമന്യായാലയ ന്യായാധികാരി കെ.എന്‍ ആശ ഒരു വര്‍ഷത്തെ നല്ല നടപ്പ് വിധിച്ചു. മുതുവാട്ടാര വീട്ടില്‍ മുഹമ്മദ് എന്ന മണിക്കാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വര്‍ഷത്തെ നല്ല നടപ്പ് വിധിച്ചത്. 25000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് നല്ല നടപ്പിന് വിട്ടത്.
ഈകാലയളവില്‍ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം കുറ്റപ്രകാരമുള്ള ശിക്ഷ അനുഭവിക്കണം. 2020 ജൂലൈ 17-ന് താഴെക്കോട് പഞ്ചായത്തിലെ പുല്ലരിക്കോട് പള്ളിയിലെ ഡിജിറ്റല്‍ ക്ലോക്കാണ് മോഷ്ടിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് ക്ലോക്ക് പിന്നീട് കണ്ടെടുത്തിരുന്നു. പ്രോസീക്യൂഷന് വേണ്ടി ഗ്രാമ ന്യായലയത്തിലെ പ്രോസീക്യൂഷന് അഡീഷനല്‍ ചുമതലയുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസീക്യൂട്ടര്‍ ഇ. നവാബ് ഖാന് ഹാജരായി.
District News
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ എംഎല്‍എമാരുടെയും ഡിഎഫ്ഒയുടെയും സാന്നിധ്യത്തില്‍ യോഗം വിളിക്കാന്‍ ധാരണ. ചാലിയാര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജന ജാഗ്രതാ സമിതി അടിയന്തര യോഗം ചേര്‍ന്നു.പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മഞ്ജു അനിലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സോളാര്‍ വൈദ്യുത വേലി പരാജയമാണെന്നും അതിനാല്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം കണ്ടെത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുന്നതും പലര്‍ക്കും ഒന്നും ലഭിക്കാത്തതും ജനപ്രതിനിധികളും കര്‍ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. കാട്ടാനകള്‍ക്ക് വനത്തിനുള്ളില്‍ ആവശ്യമായ തീറ്റ ഒരുക്കാത്തതാണ് തന്നെ പോലുള്ളവരുടെ കൃഷിയിടങ്ങള്‍ കാട്ടാനകള്‍ നശിപ്പിക്കാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാലകത്ത് സിദ്ദിഖ് പറഞ്ഞു.
അതേസമയം കാട്ടാന ശല്യം പരിഹരിക്കാന്‍ ജനങ്ങള്‍ക്കൊപ്പം വനപാലകരും ഉണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എടവണ്ണ റേഞ്ച് ഓഫീസര്‍ ഷംനാസ് പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ തീക്കടി, ആലോടി, വൈലാശേരി, മൈലാടി, മണ്ണുപ്പാടം, മൂലേപ്പാടം, അകമ്പാടം, പൊക്കോട്, വെണ്ടേക്കോട്, പണപ്പൊയില്‍ ഭാഗങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്.
അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. മനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീജന്, ജനജാഗ്രതാ സമിതിയുടെ ചുമതയുള്ള ലൈസന് ഓഫീസറായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി. അനീഷ്, കാഞ്ഞിരപുഴ, അകമ്പാടം വനം സ്റ്റേഷനുകളിലെ ജീവനക്കാര്‍ കര്‍ഷക പ്രതിനിധികളായ നാലകത്ത് ഹൈദരാലി, തോണിയില്‍ സുരേഷ്, ബീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പുത്തനങ്ങാടി ശാഖ ഉദ്ഘാടനം ചെയ്തു. ജെബി മാളിൽ നടന്ന ചടങ്ങ് റവന്യു മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷനായിരുന്നു.
ബാങ്ക് സെക്രട്ടറി കെ. പ്രീതി റിപ്പോർട്ട് അവതരിപ്പിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ, പെരിന്തൽമണ്ണ ബ്ലോക്ക് മെംബമാരായ അനിൽ പുലിപ്ര, ഹാരിസ് കളത്തിൽ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞുമൊയതീൻ, പെരിന്തൽമണ്ണ അസിസ്റ്റന്റ് രജിസ്ട്രാർ സിദീഖ് അക്ബർ, ബാങ്ക് വൈസ് പ്രസിഡന്റ് ആന്റണി വാത്താച്ചിറ, ബാങ്ക് പ്രസിഡന്റ് വാക്കാട്ടിൽ സുനിൽ ബാബു , ബാങ്ക് ഡയറക്ടർ കെ.എസ്. അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കാഷ് അവാർഡും മൊമെന്റോയും നൽകി പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. അനുമോദന സമ്മേളനം ടി.പി. അഷ്റഫലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് പച്ചീരി ഫാറൂക്ക് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി. ബാബുരാജ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എം.ബി. ഫസൽ മുഹ മ്മദ്, പെരിന്തൽമണ്ണ സഹകരണ സംഘം ജനറൽ അസിസ്റ്റന്റ് രജിസ്ട്രാർ കെ. സിദീഖ് അക്ബർ, സഹകരണ സംഘം ഇൻസ്പെക്ടർ എൻ.എം. ജോണ്‍ മാത്യു, മുനിസിപ്പൽ കൗണ്‍സിലർ സബിത, പെരിന്തൽമണ്ണ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ്് എ.കെ. നാസർ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് അരഞ്ഞിക്കൽ ആനന്ദൻ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ്് എ.ആർ. ചന്ദ്രൻ, ഡയറക്ടർമാരായ സി. അബ്ദുൾ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, വി. മുഹമ്മദ് സമീർ, വി. അജിത്കുമാർ, ഇ.ആർ. സുരാദേവി, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് എ. ശശികല എന്നിവർ പ്രസംഗിച്ചു.
District News
വണ്ടൂർ: ലോകകപ്പിന്റെ ആവേശത്തിൽ പോരൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കുരുന്നുകൾക്കായി സംഘടിപ്പിച്ച ഷൂട്ടൗട്ട് ശ്രദ്ധേയമായി.കുരുന്നുകളുടെ കളിചിരികൾക്കൊപ്പം കായിക വിനോദവും കൂടി ആയപ്പോൾ കുരുന്നുകളിൽ കാൽപ്പന്തുകളിയുടെ സന്തോഷം പ്രകടമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് ഷാം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുൽഫീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കാമില മോൾ, അബ്ബാസ് ഹാജി, ബാലസുബ്രഹ്മണ്യൻ പ്രസംഗിച്ചു.
District News
വാണിയന്പലം: വണ്ടൂർ വാണിയന്പലം ഇറക്കത്തിലുള്ള മരക്കൊന്പ് കളക്ടറുടെ ഓഫീസിന്റെ ഇടപെടലിൽ വെട്ടിമാറ്റി. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് ട്രോമാ കെയർ അംഗങ്ങൾ റോഡിന് കുറുകേ നിൽക്കുന്ന മാവിൻകൊന്പ് വെട്ടി മാറ്റിയത്. നടപടിയെടുക്കാൻ കളക്ടറുടെ ഓഫീസ് പഞ്ചായത്ത്് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
ഒന്നരമാസം മുന്‍പ് ഈ കൊന്പിന്റെ ചില്ല ഉണങ്ങി റോഡിലേക്ക് പൊട്ടിവീണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി ലഭിച്ചതോടെയാണ് കൊന്പ് വെട്ടി മാറ്റിയത്. വണ്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി. ഷാഹുൽ ഹമീദ്, ട്രോമാ കെയർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
District News
ആറ്റിങ്ങൽ: ഗണേശോത്സവത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനവും പുരസ്കാര വിതരണവും ആറ്റിങ്ങൽ ഓഡിറ്റോറിയത്തിൽ നടന്നു. കരിച്ചിയിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ്, കേരള ഗണേശോത്സവ സമിതി എന്നിവയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. അഡ്വ.പി.ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വക്കം അജിത് സ്വാഗതം പറഞ്ഞു.
സ്വാമി അഗസ്ത്യശ്രീ രാജവൈദ്യ മോഹനന്ദ സരസ്വതി, മുൻ അനർട്ട് ഡയറക്ടർ ഡോ.ജയരാജു, അമർ ഹോസ്പിറ്റൽ എം.ഡി ഡോ. രാധാകൃഷ്ണൻ, കണ്ണൻ ചന്ദ്രപ്രസ്സ് എന്നിവർ സംസാരിച്ചു. എസ്.പി അനിൽകുമാർ, അമ്പാടി എക്സോട്ടിക്, അനൂപ് ആരാമം, നിഹാസ്.എ, ജയാ ശ്രീകുമാർ, ചലച്ചിത്ര താരം അഖിൽ കവലയൂർ, ലിജി സജീവ്, എസ്.മനോജ്, എം.പി.നിതീഷ്, ആർ.സുനിൽ, വിഷ്ണുരാജ് തുടങ്ങിയവർക്ക് ഗണേശോത്സവ പുരസ്കാരം നൽകി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
District News
ആറ്റിങ്ങൽ: നാല് മാസമായി ശമ്പളമില്ലാതെ ലൈഫ് ഗാർഡുമാർ. മുതലപ്പൊഴിയിലെ ലൈഫ് ഗാർഡുകൾക്കാണ് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നത്.
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കീഴിൽ മുതലപ്പൊഴിയിൽ ഉൾപ്പെടെ 45 ഓളം ലൈഫ് ഗാർഡുകളാണുള്ളത്. അതീവ അപകടസാധ്യതയുള്ള മുതലപ്പൊഴിയിൽ വിഴിഞ്ഞം , പൂന്തുറ, അഞ്ചുതെങ്ങ് മേഖലകളിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. മാസത്തിൽ 27 ഷിഫ്റ്റുകളിൽ ഇവർ ജോലി ചെയ്യുന്നു. മാസം 21,000 രൂപയാണ് ശമ്പളം. ഇത് കൃത്യസമയത്ത് ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
അപകടകരമായ ജോലിയിൽ ഏർപ്പെട്ടിട്ടും ഇവർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ സർക്കാർ ഒരുക്കിയിട്ടില്ല. ഫിഷറീസ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നുമാണ് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പറയുന്നത്
District News
നെയ്യാറ്റിന്‍കര : പൊഴിയൂരില്‍ കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി.സതീശനെ നേരില്‍ കണ്ട് കത്ത് നല്കി ബോധ്യപ്പെടുത്തിയതായി എന്‍. ശക്തന് എംഎല്‍എ അറിയിച്ചു. പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുടെ വളരെക്കാലത്തെ ആവശ്യമാണ് തീരത്തെ കടൽ ഭിത്തി നിർമാണം. കടല്‍ക്ഷോഭത്തില്‍ തീരദേശത്തെ വീടുകളും റോഡും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ സങ്കടം കാണാതിരിക്കാനാവില്ലായെന്ന് എംഎല്‍എ പറഞ്ഞു.
കടല്‍ഭിത്തി നിര്‍മാണം സംബന്ധിച്ച് അനുകൂല നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും എംഎല്‍എ അറിയിച്ചു.
District News
വലിയതുറ: തലസ്ഥാന നഗരിയോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശംഖുംമുഖം ബീച്ചും പരിസര പ്രദേശങ്ങളും ലഹരിമാഫിയാ സംഘങ്ങളുടെ പിടിയിലെന്ന് വ്യാപക പരാതി. സന്ധ്യ മയങ്ങിയാല്‍ ബീച്ചും പരിസരവും മദ്യപാനികളുടെയും മയക്കുമരുന്നു മാഫിയാകളുടെയും പിടിയിലാണെന്ന് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ ആരോപിക്കുന്നു. കുടുംബമായി ശംഖുംമുഖം ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പലപ്പോഴും മദ്യപാനികളില്നിന്നും മോശമായ അനുഭവമാണ് നേരിടേണ്ടി വരുന്നത്.
വൈകുന്നേരങ്ങളില്‍ ഇരുട്ട് വീഴുന്നതോടെ ശംഖുംമുഖം ബീച്ച് , പാര്‍ക്ക് , ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലായി തമ്പടിക്കുന്ന മദ്യപാനികള്‍ സന്ദര്‍ശകരെ ഉപദ്രവിക്കാനിടയായ സംഭവങ്ങള്‍ അടുത്തിടെ വളരെയധികം വിവാദമായിരുന്നു. പല സന്ദര്‍ഭങ്ങളിലും വലിയതുറ പോലീസ് ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാറില്ലെന്നാണ് സന്ദര്‍ശകര്‍ ആരോപിക്കുന്നത്. വലിയതുറ പോലീസ് സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ അകലംപോലുമില്ലാത്ത ബീച്ചും പരിസരത്തും രാത്രികാലത്ത് പലപ്പോഴും പോലീസ് പട്രോളിംഗ് പോലും നടക്കുന്നില്ലെന്ന് സമീപവാസികളും ആരോപിക്കുന്നു. ഇത് മദ്യപാനികള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്കും തഴച്ചു വളരാന്‍ സാഹചര്യമൊരുക്കുന്നു.
കോടികള്‍ മുടക്കി മോടിപിടിപ്പിച്ചിട്ടും ശംഖുംമുഖത്തെത്തുന്ന സന്ദര്‍ശകരുടെ ദുരിതത്തിന് യാതൊരുവിധ കുറവുമില്ലെന്നാണ് ആക്ഷേപം. മദ്യപ സംഘങ്ങള്‍ക്ക് പുറമേ ബീച്ചിലും പരിസരത്തും അനധികൃത കച്ചവടക്കാരുടെ നുഴഞ്ഞുകയറ്റമാണ് സന്ദര്‍ശകര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. അവധി ദിവസങ്ങളില്‍ രാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടിരിന്നിടത്ത് ഇപ്പോള്‍ നാമമാത്രം പേര് മാത്രമാണെത്താറുളളത്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച ഇരിപ്പിടങ്ങളും പാര്‍ക്കും പൂര്‍ണമായി കച്ചവടക്കാര്‍ കൈയേറിയ അവസ്ഥയാണ് നിലവിലുളളത്. സന്ധ്യമയങ്ങിയാല്‍ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിച്ചു വരുന്നതും ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിക്കാത്തത് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമായി. കുടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടത്ര സൗകര്യമില്ലെന്നും സന്ദര്‍ശകര്‍ക്കിടയില്‍ പരാതിയുണ്ട്.
ഘട്ടം ഘട്ടമായി നിര്‍മിച്ച കെട്ടിടങ്ങളും ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല എന്നതാണ് വാസ്തവം. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകളില്ലാത്തതും കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തുന്നതും ബീച്ചിലെത്തുന്നവര്‍ക്ക് തലവേദനയായി മാറുകയാണ്.
സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും മയക്കുമരുന്ന് മാഫിയാകളുടെയും പിടിയിലായതോടെ സന്ദര്‍ശകര്‍ ശംഖുംമുഖം ബീച്ചും പരിസരവും ഉപേക്ഷിക്കുകയാണ്.
District News
നെടുമങ്ങാട് : ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിദ്യാർഥികൾ ആഗോളതലത്തിൽ മത്സരിക്കാൻ തക്കവണ്ണം യോഗ്യരാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. അരുവിക്കര നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'തിളക്കം 2026' വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയകാലഘട്ടത്തെ ഉൾക്കൊണ്ടുള്ള മാറ്റങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. ബ്ലാക്ക് ബോർഡുകളിൽ നിന്ന് ക്ലാസ് മുറികൾ ഇലക്ട്രോണിക് സ്മാർട്ട് ബോർഡുകളിലേക്ക് മാറുന്ന കാലമാണിത്. ഈ ഡിജിറ്റൽയുഗത്തിൽ നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉയർന്ന മാർക്കുകൾ വാങ്ങി മുന്നേറുമ്പോൾ സഹജീവികളോട് കരുണയും സ്നേഹവും വളർത്തിയെടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി വിഭാഗത്തിൽ 131 വിദ്യാർഥികൾക്കും പ്ലസ് ടു വിഭാഗത്തിൽ 126 വിദ്യാർഥികൾക്കുമാണ് പുരസ്കാരം നൽകിയത്. വെള്ളനാട് ജികെഎസ് വി & എച്ച്എസ്എസ് സ്കൂളിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യാതിഥി ആയിരുന്നു.
District News
തിരുവനന്തപുരം :സിബിഎസ്ഇ പ്ലസ് ടു, 10-ാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കുമുളള സൗത്ത് സോണ്‍ സഹോദയ കോംപ്ലക്സ് അക്കാദമിക് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ശ്രീകാര്യം ലൊയോള സ്കൂളിൽ നടന്ന ചടങ്ങ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കളക്ടർ അനുകുമാരി മുഖ്യാതിഥിയായിരുന്നു. സൗത്ത് സോണ്‍ സഹോദയയുടെ കീഴിലുള്ള 60 ലധികം വിദ്യാലയങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ 1800 ഓളം വിദ്യാർഥികളും അവരെ പരിശീലിപ്പിച്ച അധ്യാപകരും അവാർഡുകൾ ഏറ്റുവാങ്ങി. സൗത്ത് സോണ്‍ സഹോദയ പ്രസിഡന്റ് ഫാ. ജോഷി മാത്യു സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൊയോള സ്കൂൾ മാനേജറും റെക്ടറുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ., ലെയോള സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്ജെ., സഹോദയ വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത്, ട്രഷറർ ഷാനിയ ജോണ്‍ എന്നിവർ സന്നിഹിതരായിരുന്നു.ലൊയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജെ. സ്വാഗതവും സൗത്ത് സോണ്‍ സഹോദയ സെക്രട്ടറി വർഗീസ് സാമുവൽ നന്ദിയും പറഞ്ഞു.
District News
മുരുക്കുംപുഴ : കഴിഞ്ഞദിവസം വെയിലൂർ ഗവ. ഹൈസ്കൂളിലെ സ്കൂൾ അസംബ്ലിയിൽ പുതിയ ഹെഡ്മിസ്ട്രസ് ഷീന ടീച്ചർ കുട്ടികളോട് പറഞ്ഞു - ജന്മദിനത്തിൽ മിഠായി കൊണ്ടുവരേണ്ട, പച്ചക്കറി കിറ്റ് കൊണ്ടുവന്നാൽ എല്ലാ കുട്ടികൾക്കും സന്തോഷമാകും എന്ന്. ഒന്നാം ക്ലാസുകാരി രിസാന ഫാത്തിമയുടെ ജന്മദിനം ഇന്നായിരുന്നു. റിസാന ഇന്നലെത്തന്നെ മാതാപിതാക്കളോട് പറഞ്ഞിരുന്നു നാളെ തനിക്ക് സ്കൂളിൽ കൊണ്ടുപോകാൻ പച്ചക്കറി കിറ്റ് വേണമെന്ന്.
ഇന്ന് രിസാന ഫാത്തിമയും പിതാവും കൂടി സ്കൂൾ പാചകപ്പുരയിലെ പാചക ജീവനക്കാരായ ശോശാമ്മയുടെയും പ്രസന്നയുടെയും കൈകളിൽ രണ്ട് പച്ചക്കറി കിറ്റുകൾ എത്തിച്ചു . ഇന്ന് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ ഈ പച്ചക്കറിക്കറ്റുകളിൽ നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിച്ചത്.
സ്കൂൾ അസംബ്ലിയിലും സ്കൂൾ ഗ്രൂപ്പുകളിലും രിസാന ഫാത്തിമ പച്ചക്കറി കിറ്റ് കൊണ്ടുവന്ന കാര്യം ഹെഡ്മിസ്ട്രസ് അറിയിക്കുകയും ചെയ്തു. റിസാന ഫാത്തിമയുടെത് മാതൃകാപരമായ പ്രവർത്തിയാണെന്ന് ഹെഡ്മിസ്ട്രസ് എ. ഷീനയും ക്ലാസ് ടീച്ചർ ധനലക്ഷ്മിയും പറഞ്ഞു .